പാരിസിലെ ഈഫൽ ഗോപുര സന്ദർശനവേളയിൽ വനിതാജീവനക്കാരെ ജോലിസ്ഥലത്തുനിന്നു മാറ്റിനിർത്തിയെന്ന ആരോപണത്തിൽ ബോചസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായൺ സൻസ്ഥക്കെതിരേ (ബിഎപിഎസ്) അതിരൂക്ഷവിമർശനവുമായി ഗായിക ചിന്മയി ശ്രീപാദ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണു താരം പ്രതികരിച്ചത്.
ബിഎപിഎസ് സംഘം ഈഫൽ ഗോപുരം സന്ദർശിച്ചപ്പോൾ വനിതാ ജീവനക്കാരോടു ജോലിസ്ഥലത്തുനിന്നു മാറിനിൽക്കാൻ ആവശ്യപ്പെട്ടുവെന്ന വാർത്ത പങ്കുവച്ചുകൊണ്ടാണ് ചിന്മയി ചോദ്യങ്ങളുന്നയിച്ചത്. "ബിഎപിഎസ് പ്രതിനിധികൾ സന്ദർശിക്കുമ്പോൾ സ്ത്രീകൾ എന്തിനാണു മാറിനിൽക്കുന്നത്, സ്ത്രീകൾ അവരെ അശുദ്ധമാക്കുമോ?' ചിന്മയി കുറിച്ചു.
സംഘത്തിന്റെ സന്ദർശനവേളയിൽ വനിതാജീവനക്കാർക്കു പകരം പുരുഷന്മാരെ നിയോഗിച്ചുവെന്നും ഇതു തങ്ങൾക്ക് അപമാനകരമായി തോന്നിയെന്നും ആരോപിച്ച് ഈഫൽ ഗോപുരത്തിലെ ജീവനക്കാർ പണിമുടക്കു നടത്തിയിരുന്നു. എന്നാൽ ആർക്കും പ്രവേശനം നിഷേധിച്ചിട്ടില്ലെന്നും സംഭവത്തിൽ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും വ്യക്തമാക്കി ബിഎപിഎസ് പിന്നീടു പ്രസ്താവന പുറത്തിറക്കിയിരുന്നു.